ക്രിസ്മസ് എന്നുകേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ക്രിസ്മസ് കേക്കുകള്‍. ക്രിസ്മസിന് ഒരു കേക്കു മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് പങ്കുവച്ചില്ലെങ്കില്‍, കേക്കുകള്‍ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനിച്ചില്ലെങ്കില്‍, ആഘോഷമൊരിക്കലും പൂര്‍ണമാകില്ല.
എപ്പോള്‍ മുതലാണ് ക്രിസ്മസിനു കേക്കു മുറിക്കാന്‍ തുടങ്ങിയത്? എന്താണ് ക്രിസ്മസും കേക്കും തമ്മിലുള്ള ബന്ധം? ക്രിസ്മസ് കേക്കിനെ നമുക്കു പരിചയപ്പെടുത്തിയത് ബ്രിട്ടീഷുകാരാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്രിസ്മസിനു തലേന്നത്തെ ഉപവാസം അവസാനിപ്പിച്ചുകൊണ്ട് അവര്‍ കഴിച്ചിരുന്ന 'പ്ലം പൊറിജ്ജ്' ആണ് പിന്നീടു പല മാറ്റങ്ങള്‍ക്കും ശേഷം ക്രിസ്മസ് കേക്ക് ആയി മാറിയത്. ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ വളരെ മുമ്പു തന്നെ ആരംഭിക്കും. ഈ തയ്യാറെപ്പുകളുടെ ആരംഭമായ കേക്ക് മിക്സിങ് എന്നത് പലയിടത്തും ആഘോഷത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്.
ഇന്ന് നമ്മുടെ നാട്ടിലും ക്രിസ്മസ് കേക്ക് ആഘോഷങ്ങളുടെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. പലപ്പോഴും കേക്കുകള്‍ സമ്മാനിച്ചും പങ്കുവച്ചുമാണ് നമ്മള്‍ സന്തോഷം പങ്കിടുക. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഇത്തവണ ക്രിസ്മസിന് ഒരു കേക്കുമായി പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുവാന്‍ സാധിക്കില്ല എന്നതു സത്യം തന്നെയാണ്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും സാമൂഹികഅകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും തന്നെയാണ് പ്രധാനകാരണം. കൂടാതെ ജോലിക്കും മറ്റുമായി സ്വദേശം വിട്ടു താമസിക്കുന്നവര്‍ക്കും ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ ഇത്തവണ സാധിച്ചു എന്നു വരില്ല. തികച്ചും വിഷമകരമായ ഒരു അവസ്ഥയാണിത്.
ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്കുവേണ്ടി ഒരു കേക്ക് പ്രിയപ്പെട്ടവര്‍ക്കെത്തിക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? പ്രായമായവരും കുട്ടികളുമുള്ള വീടുകളില്‍ നേരിട്ടുപോകാന്‍ സാധിക്കില്ല എന്നതു സത്യം തന്നെ. പക്ഷേ അവരോടൊപ്പം ക്രിസ്മസിന്റെ മധുരവും സന്തോഷവും പങ്കുവയ്ക്കാന്‍ സാധിച്ചെങ്കില്‍ എന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലേ? കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ളവര്‍ക്ക് ക്രിസ്മസിന്റെ മധുരമെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?
ഇന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ വഴിയോ ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ പറയുന്നിടത്ത് കേക്ക് എത്തിച്ചു കൊടുക്കുന്ന സേവനസ്ഥാപനങ്ങള്‍ ഉണ്ട്. ചിലയിടങ്ങളില്‍ ബള്‍ക്ക് ഓര്‍ഡറുകള്‍ക്ക് വിലക്കിഴിവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. അങ്ങനെ അകലെയുള്ള പ്രിയപ്പെട്ടവര്‍ക്ക് നമ്മുടെ മധുരം നിറഞ്ഞ സ്നേഹസമ്മാനം ഈ ക്രിസ്മസ് കാലത്ത് സമ്മാനിക്കാം. ഈ കോവിഡ് കാലത്തും ആഘോഷങ്ങള്‍ ഒത്തൊരുമയുടേതാക്കാം.